ഇതുവരെ കണ്ട എൻഫീൽഡ് അല്ല പുതിയ ഹിമാലയൻ, ഫീച്ചറുകളുടെ നീണ്ട നിര – Manorama Online

Download Manorama Online App

മനോരമ ലേഖകൻ
Published: November 04 , 2023 09:03 AM IST Updated: November 07, 2023 02:25 PM IST
1 minute Read
Link Copied
നവംബര്‍ ഏഴിന് വില പ്രഖ്യാപിക്കുന്ന പുതിയ ഹിമാലയന്റെ വിശദാംശങ്ങള്‍ റോയല്‍ എന്‍ഫീല്‍ഡ് പുറത്തുവിട്ടു.  ‘ഷെര്‍പ 450’  എന്നു വിശേഷിപ്പിക്കുന്ന എന്‍ജിനാണ് പുതിയ ഹിമാലയനില്‍. റോയല്‍ എന്‍ഫീല്‍ഡ് ഇതുവരെ കൊണ്ടുവരാത്ത പുതുമകളുമായാണ് ഹിമാലയന്‍ 450 എത്തുന്നത്. ലിക്യുഡ് കൂള്‍ഡ് എന്‍ജിന്‍, 6 സ്പീഡ് ഗിയര്‍ബോക്‌സ്, യുഎസ്ഡി ഫ്രണ്ട് ഫോര്‍ക് (അപ്സൈഡ് ഡൗൺ ഫോർക്), ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് സ്‌ക്രീന്‍, എല്‍ഇഡി പിന്‍ ലൈറ്റ്, പുതിയ  ചേസിസ് എന്നിങ്ങനെ പുതുമയുടെ പട്ടിക നീണ്ടതാണ്. നാവിഗേഷനുവേണ്ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റിറിലേക്ക് ഫോൺ മിറർ ചെയ്യാൻ സാധിക്കും.  പഴയ ഹിമാലയനില്‍ നിന്നും ഒരു ബോള്‍ട്ട് പോലും ഉപയോഗിക്കാതെയാണ് പുതിയ ഹിമാലയന്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് റോയല്‍ എന്‍ഫീല്‍ഡിന്റെ അവകാശവാദം. 
‘ഷെര്‍പ 450’ എന്നു വിളിക്കുന്ന 451.65 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഹിമാലയന്റെ കരുത്ത്. ലിക്വിഡ് കൂള്‍ഡ് എന്‍ജിനും 6 സ്പീഡ് ഗിയര്‍ ബോക്‌സും സിംഗിള്‍ സിലിണ്ടറിന് റോയല്‍ എന്‍ഫീല്‍ഡ് നല്‍കുന്നതു തന്നെ ആദ്യം. 8,000 ആര്‍പിഎമ്മില്‍ 40 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ പരമാവധി 40 എൻഎം ടോര്‍ക്കും പുറത്തെടുക്കാന്‍ ഹിമാലയന്‍ 452വിന് സാധിക്കും. ഹിമാലയന്റെ 411 സിസി എന്‍ജിന് 6,500ആര്‍പിഎമ്മില്‍ 24.3 ബിഎച്ച്പി കരുത്തും 4,000-4,500 ആര്‍പിഎമ്മില്‍ പരമാവധി 32 എൻഎം ടോര്‍ക്കുമായിരുന്നു. പുതിയ മോഡല്‍ കൂടുതല്‍ കരുത്തുള്ളതെന്ന് ഈ കണക്കുകളില്‍ നിന്നു തന്നെ വ്യക്തം. 
ലക്ഷണമൊത്ത ഓഫ്‌റോഡറാണ് ഹിമാലയന്‍ 450. 200എംഎം വീലുകളും 230എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. 90/90-21ഉം 140/80-R17ഉമാണ് മുന്നിലേയും പിന്നിലേയും ടയറുകളുടെ വലിപ്പം. മുന്നില്‍ സിംഗിള്‍ 320 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 270എംഎം ഡിസ്‌ക് ബ്രേക്കുമാണ്. 825-845എംഎം ആണ് സ്റ്റാന്‍ഡേഡ് സീറ്റിന്റെ ഉയരം. ഇത് 805-825എംഎം ആക്കി മാറ്റാനും സാധിക്കും. 
മെറ്റിയോര്‍ 650ക്കു ശേഷം റോയല്‍ എന്‍ഫീല്‍ഡ് യുഎസ്ഡി ഫ്രണ്ട് ഫോര്‍ക്ക് നല്‍കിയ വാഹനമാണ് ഹിമാലയന്‍ 450. ഭാരം കൂടുതലെങ്കിലും എളുപ്പം വാഹനത്തെ നിയന്ത്രിക്കാന്‍ ഷോവയുടെ ഈ ഫോര്‍ക്കുകള്‍ സഹായിക്കും. ഹിമാലയന്‍ 411ലേതു പോലെ പിന്നിലെ സസ്‌പെന്‍ഷന്‍ അഡ്ജസ്റ്റബിള്‍ മോണോ ഷോക്കാണ്. 
മൂന്നു വകഭേദങ്ങളിലായി അഞ്ചു നിറങ്ങള്‍. അടിസ്ഥാന വകഭേദത്തില്‍ കാസ ബ്രൗണ്‍ മാത്രം. മധ്യ വകഭേദത്തില്‍ ചാര/നീല നിറങ്ങളിലെത്തും. ഉയര്‍ന്ന വകഭേദമായ സമ്മര്‍ വേരിയന്റില്‍ വെളുപ്പ്/കറുപ്പ് നിറങ്ങളാണുള്ളത്. 17 ലിറ്റര്‍ ശേഷിയുള്ള ഇന്ധനടാങ്കില്‍ മുഴുവനായും ഇന്ധനം നിറച്ചാല്‍ 198 കിലോഗ്രാം ഭാരമുണ്ടാവും ഹിമാലയന്‍ 450ക്ക്. എതിരാളികളായ കെടിഎം 390 അഡ്വെഞ്ചര്‍ എസ്ഡബ്ല്യു(177കിലോഗ്രാം), ബിഎംഡബ്ല്യു ജി 310 ജിഎസ്(175കിലോഗ്രാം) എന്നിവയേക്കാള്‍ ഭാരക്കൂടുതലുണ്ട് പുതിയ ഹിമാലയന്. 
റോയല്‍ എന്‍ഫീല്‍ഡ് ടിഎഫ്ടി ഇന്‍സ്ട്രുമെന്റ് സ്‌ക്രീന്‍ ആദ്യമായി അവതരിപ്പിക്കുന്ന വാഹനമെന്ന സവിശേഷതയും ഹിമാലയന്‍ 450ക്കുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ ബ്ലൂടൂത്ത് വഴി ഈ സ്‌ക്രീനുമായി ബന്ധിപ്പിക്കാനാവും. ഇക്കോ, പെര്‍ഫോമെന്‍സ്(പിന്നിലെ എബിഎസ് ഓണ്‍), പെര്‍ഫോമെന്‍സ്(പിന്നിലെ എബിഎസ് ഓഫ്) എന്നിങ്ങനെ മൂന്നു റൈഡിങ് മോഡുകള്‍. ചില പ്രീമിയം ബിഎംഡബ്ല്യുകളിലും ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളിലും കാണുന്നതു പോലെ പിന്നിലെ ലൈറ്റ് ഇന്റിക്കേറ്ററുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു. നവംബര്‍ ഏഴിനാണ് ഹിമാലയന്‍ 450യുടെ വില റോയല്‍ എന്‍ഫീല്‍ഡ് പുറത്തുവിടുക.
Register free to read all stories
© Copyright 2023 Manoramaonline. All rights reserved.

source


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *